റായ്പൂർ: ചത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അബുജ്മറിലാണ് ഏറ്റുമുട്ടൽ നടന്നത്.
ചത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. നാരായൺപൂർ, ബീജാപൂർ, ദന്തേവാഡ, എന്നീ ജില്ലകൾ ഉൾപ്പെടുന്ന കുന്നിൻ പ്രദേശമാണ് അബുജ്മർ. വനപ്രദേശമായതുകൊണ്ടും ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലമായതുകൊണ്ടും ഇൗ പ്രദേശം ഭീകരവാദികളുടെ പ്രവർത്തനകേന്ദ്രമാണ്. ഈ പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെ തുടർന്ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ ജില്ലകളിൽ നിന്നുള്ള സുരക്ഷാ സേനയുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിെടയാണ് ഏറ്റുമുട്ടൽ നടന്നത്.
ഈ നാല് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ടീവ് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ 53-ാം ബറ്റാലിയൻ, എന്നിവർ ചേർന്ന് ജൂൺ 12നാണ് പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചത്. അടുത്തിടെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇവരിൽ നിന്നും 38 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രദേശത്ത് വീണ്ടും സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.
Discussion about this post