തിരുവനന്തപുരം : സിപിഎമ്മിനെതിരെ തുറന്നടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിൽ പരസ്യ പോരാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സൈബർ പോരാളികൾക്കെതിരായ വിമർശനത്തിന് പിന്നിൽ സിപിഎം നേതാക്കൾ തമ്മിലുള്ള തർക്കമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെയുള്ള ജനങ്ങളുടെ രൂക്ഷമായ അമർഷവും പ്രതിഷേധവുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്.ചെങ്കതിർ മറ്റൊരാളുടെ പ്ലാറ്റ്ഫോമാണ്. കുറച്ചുനാൾക്ക് മുൻപ് വരെ മറ്റുള്ള പാർട്ടികൾക്കെതിരെയാണ് ഇവർ ഈ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഇവരൊക്കെ തമ്മിൽ കൂട്ടയടി കൂടുകയാണ് എന്നതാണ്. ഞങ്ങൾ ഇപ്പോൾ നോക്കി നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിധി സതീശൻ കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും സിപിഎം സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പരസ്യമായി പ്രസംഗിച്ചതും തമ്മിൽ യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ് എന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്നും വിഡി സതീശൻ ആരോപിച്ചു.
മാദ്ധ്യമ പ്രവർത്തകർ കോൺഗ്രസിനെ നോക്കുന്ന സമയത്ത് കുറച്ചുനേരം എങ്കിലും സിപിഎമ്മിൽ എന്താ നടക്കുന്നതെന്ന് കൂടി നോക്കിക്കഴിഞ്ഞാൽ കുറച്ചുകൂടി നല്ലതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ വലിയ പൊട്ടിത്തെറി എന്തായാലും ഉണ്ടാകും. അതിൽ ആർക്കും സംശയം വേണ്ടാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.












