കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും ഇതുവരെയും ഇക്കാര്യം ഫേസ്ബുക്കിൽ നിന്ന് ലതിക പിൻവലിക്കാത്തതിനെതിരെ നേരത്തെ യുഡിഎഫ് രംഗത്ത് വന്നിരുന്നു. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ലതിക ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു.
വ്യാജ പോസ്റ്റ് ആണെന്ന് സ്ഥിരീകരിച്ചിട്ടും കാഫിർ സ്ക്രീൻഷോട്ട് ഡിലീറ്റ് ചെയ്യാൻ തയ്യാറാവാതിരുന്ന കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ അന്വേഷണസംഘം ലതികയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിപിഎം ആരോപിക്കുന്ന രീതിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം അല്ല ഈ കാഫിർ പോസ്റ്റ് നിർമ്മിച്ചത് എന്ന് നേരത്തെ ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് എംഎൽഎ കെ കെ രമ ആവശ്യപ്പെട്ടു. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യമായി കാഫിർ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കെ കെ ലതികയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പോസ്റ്റ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ലതിക ശ്രമിച്ചത് എന്നും കെ കെ രമ ആരോപിച്ചു.
Discussion about this post