കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. 30 ലധികം പേർക്ക് പരിക്കേറ്റു. തീവണ്ടിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്‌സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സിഗ്നൽ നൽകിയതിലുള്ള പിഴവാണ് അപകടത്തിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യയും പരിക്കു പറ്റിയവരുടെ എണ്ണവും വീണ്ടും ഉയർന്നേക്കാമെന്നാണ് സൂചന.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ന്യൂ ജൽപയ്ഗുരി സ്‌റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. ഇവിടെ നിന്നും സിയാൽദാ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിനിടെ ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്‌സ്പ്രസിന് പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എക്‌സ്പ്രസ് തീവണ്ടിയുടെ മൂന്നോളം ബോഗികൾ പാളം തെറ്റി.
സാധാരണയായി പാഴ്‌സൽ ബോഗികൾ ആണ് എക്‌സ്പ്രസ് തീവണ്ടികളുടെ പുറകിലായി ഉണ്ടാകുക. അതിനാൽ ആളപായം സംബന്ധിച്ച വിവരം ആദ്യം പുറത്തുവന്നിരുന്നില്ല. അപകടത്തിന് പിന്നാലെ അടിയന്തിര സഹായത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Discussion about this post