ന്യൂഡൽഹി: പശ്ചിമ ബംഗാളിലുണ്ടായ തീവണ്ടി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ് തീവണ്ടി പുറകിലായി ചരക്ക് തീവണ്ടിയിടിച്ച് അപകടം ഉണ്ടായത്.
തീവണ്ടി അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അപകടത്തിന് പിന്നാലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തമേഖലയിലേക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. നാൽപ്പതോളം പേർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേർ ബോഗികൾക്കുള്ളിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Discussion about this post