തേങ്ങാപ്പാൽ ഒഴിച്ച കറികൾക്ക് പ്രത്യേക രുചിയാണ്. അതുകൊണ്ട് തന്നെ അടുക്കളയിൽ തേങ്ങാപ്പാലിന് പ്രത്യേക സ്ഥാനവുമുണ്ട്. നിരവധി പോഷക ഗുണങ്ങൾ ആണ് തേങ്ങാപ്പാലിന് ഉള്ളത്. അതുകൊണ്ട് തന്നെ തേങ്ങാപ്പാൽ കുടിയ്ക്കുന്നതും തേങ്ങാപ്പാലൊഴിച്ച കറികൾ കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. നമ്മുടെ ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് തേങ്ങാപ്പാൽ.
ചർമ്മത്തിന് മൃദുത്വവും തിളക്കവും കൈവരിക്കാൻ സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ. ഇതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളാണ് ചർമ്മം മൃദുവാക്കുന്നത്. തേങ്ങാപ്പാൽ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കും. മറ്റ് ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും തേങ്ങാപ്പാലിന് കഴിയും.
ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖക്കുരു. തേങ്ങാപ്പാൽ മുഖക്കുരുവിനെ പ്രതിരോധിക്കും. മുഖക്കുരു സാദ്ധ്യതയുള്ളതും എണ്ണമയമുള്ളതുമായ ചർമ്മത്തിന് തേങ്ങാപ്പാൽ ഒരു ക്ലെൻസറായി ഉപയോഗിക്കാം. ഇത് ചർമ്മത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും മുഖക്കുരു ലക്ഷണങ്ങൾ തടയുകയും ചെയ്യും.
തേങ്ങാപ്പാൽ ഒരു പ്രകൃതിദത്ത മേക്കപ്പ് റിമൂവറാണ്. എന്നാൽ ഇത് നമ്മളിൽ പലർക്കും അറിയില്ല. മാത്രമല്ല മേക്കപ്പ് റിമൂവറുകൾ ഉപയോഗിച്ച് ചർമ്മത്തെ കൂടുതൽ അപകടത്തിലാക്കുകയും ചെയ്യുന്നു. തേങ്ങാപ്പാലിൽ കോട്ടൻ മുക്കിയ ശേഷം മേക്കപ്പ് തുടച്ച് നീക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമ്മത്തെ വരണ്ടതാക്കി മാറ്റാതെ മേക്കപ്പ് വേഗത്തിൽ നീക്കം ചെയ്യുന്നു.
സൂര്യാതാപത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ തേങ്ങാപ്പാലിന് കഴിയും. സൂര്യതാപമേറ്റാൽ ഫലപ്രദമായ പരിഹാരം കൂടിയാണ് തേങ്ങാപ്പാൽ. സൂര്യാതാപം ഏറ്റ സ്ഥലത്ത് തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് ചർമ്മം സാധാരണ നിലയിലാക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനും തേങ്ങാപ്പാലിന് കഴിയും.












