ലക്‌നൗ: ഉത്തർപ്രദേശിൽ ജ്യൂസിൽ തുപ്പൽ കലർത്തി വിൽപ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ. നോയിഡ സ്വദേശികളായ ജംഷാദ്, സാഹെബ് അലം എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ക്ലിയോ ക്ലിന്റ് സൊസൈറ്റി സമീപമാണ് ഇരുവരും ചേർന്ന് കരിമ്പ് ജ്യൂസ് വിൽക്കുന്നത്. ഇവിടേയ്ക്ക് ജ്യൂസ് കുടിയ്ക്കാൻ ദമ്പതികൾ എത്തുകയായിരുന്നു. രണ്ട് ജ്യൂസിന് ഓർഡർ നൽകിയ ശേഷം ഇരുവരും കടയിൽ ഇരുന്നു. എന്നാൽ ജ്യൂസ് ഉണ്ടാക്കുന്നതിനിടെ അലമിന്റെയും ജംഷാദിന്റെയും പെരുമാറ്റത്തിൽ ദമ്പതികൾക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ ഇരുവരെയും ദമ്പതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതിനിടെയാണ് ജ്യൂസിൽ തുപ്പുന്നതായി കണ്ടത്.
ഇതോടെ ദമ്പതികൾ ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ജ്യൂസിൽ തുപ്പിയതല്ലെന്നും പ്രാർത്ഥിച്ചതാണെന്നും ഇരുവരും പറഞ്ഞു. എന്നാൽ ദമ്പതികൾ പോലീസിൽ പരാതി നൽകുമെന്ന് ഇവരോട് പറയുകയായിരുന്നു. ഇതോടെ ഇരുവരും ദമ്പതികളോട് കയർക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസ് എടുത്ത പോലീസ് ഉടനെ ജ്യൂസ് കടയിൽ എത്തി. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. അടുത്തിടെ ലക്‌നൗവിലെ മസാജിംഗ് പാർലറിൽ ശരീരത്തിൽ തുപ്പിയ ശേഷം മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജ്യൂസിൽ തുപ്പിയ ശേഷം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.











