ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി പര്യടനം നടത്താൻ ഒരുങ്ങി നടനും തമിഴക വെട്രി കഴകം പാർട്ടിയുടെ നേതാവുമായ വിജയ്. തന്റെ പുതിയ സിനിമയായ ഗോട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം തമിഴ്നാട് മുഴുവൻ സന്ദർശിക്കാനാണ് വിജയുടെ തീരുമാനം. 2026 ലാണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുന്നോടിയായി തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തി ജനങ്ങളെ നേരിൽ കണ്ട് തന്റെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് വിജയുടെ പ്രതീക്ഷ.
വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ ജില്ലാ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിനും ഈ സംസ്ഥാന പര്യടനം സഹായിക്കുമെന്ന് വിജയ് കരുതുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടുകോടി പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കണം എന്നാണ് വിജയ് പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. പാർട്ടിയുടെ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
2026 നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം കൈവരിച്ച് തമിഴ്നാടിന്റെ ഭരണം പിടിക്കുകയാണ് തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബസി ആനന്ദ് വ്യക്തമാക്കി. പാർട്ടിയിലേക്ക് കൂടുതൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി ഒരു മെമ്പർഷിപ്പ് ഡ്രൈവിനും തമിഴക വെട്രി കഴകം തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ഒരു പുതിയ മൊബൈൽ ആപ്പ് പാർട്ടി പുറത്തിറക്കി. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലകളും നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പുതിയ അംഗങ്ങളെ ചേർക്കാനാണ് തമിഴക വെട്രി കഴകം പദ്ധതിയിടുന്നത്.
Discussion about this post