ന്യൂഡൽഹി: 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകീട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം ചേരുക. അടുത്ത ആഴ്ചയോടെ സ്പീക്കർ ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
ഈ മാസം 24 മുതൽ ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമാകും. ഇതിന് മുന്നോടിയായി സ്പീക്കറെ തീരുമാനിക്കുന്നതിന് വേണ്ടിയാണ് തിരക്കിട്ട ചർച്ചകൾ. ഇന്ന് നടക്കുന്ന യോഗത്തിൽ നിലവിലെ പാർലമന്റ് സ്പീക്കർ ഓംബിർലയും ഡെപ്യൂട്ടി സ്പീക്കറും പങ്കെടുക്കും. മുതിർന്ന മന്ത്രിമാരുടെ സാന്നിദ്ധ്യവും യോഗത്തിൽ ഉണ്ടാകും. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, അശ്വിനി വൈഷ്ണവ്, കിരൺ റിജിജ്ജു, രാംമോഹൻ നായിഡു, ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ യോഗം ചേരുന്നതിന് മുന്നോടിയായി ഓംബിർലയുമായി വസതിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ എന്നിവർ കൂടിക്കാഴ്ച നടത്തും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തീരുമാനിക്കുന്നതിനായുള്ള ചുമതല രാജ്‌നാഥ് സിംഗിനാണ്.
അതേസമയം ഈ മാസം 26 ന് സ്പീക്കർ സ്ഥാനാർത്ഥിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്യും. അന്നേ ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമാകും ലോക്‌സഭയുടെ നടപടിക്രമങ്ങൾ യഥാക്രമം ആരംഭിക്കുക.
ഇതിനിടെ സ്പീക്കർ സ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാനാണ് എൻഡി സഖ്യത്തിന്റെ തീരുമാനം. സാധാരണ ഗതിയിൽ സ്പീക്കർ സ്ഥാനത്തേയ്ക്ക് ഭരണകക്ഷിയിലുള്ള അംഗവും ഡെപ്യൂട്ടി സ്പീക്കറായി പ്രതിപക്ഷത്തുള്ള അംഗവുമാണ് എത്തുക. എന്നാൽ ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകേണ്ടെന്നാണ് ഭരണകക്ഷിയുടെ തീരുമാനം.
Discussion about this post