തിരുവനന്തപുരം : ജെഡിഎസ് എൻഡിഎയിൽ ചേർന്നതോടെ കടുത്ത പ്രതിസന്ധിയിലായ ജനതാദൾ എസ് കേരള ഘടകം ഒടുവിൽ പുതിയ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനമെടുത്തു. ജനതാദൾ എസ് എന്ന പേര് കേരള ഘടകം ഉപേക്ഷിക്കുന്നതാണ്. തങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തന്നെ തുടരും എന്നും ജെഡിഎസ് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു.
ബിജെപി യോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി അറിയപ്പെടാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ജെഡിഎസ് കേരള ഘടകം പേര് മാറ്റി പുതിയ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ മാത്രമാണ് തങ്ങൾ ഒരേ പാർട്ടിയായി ഇരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി കേരള ഘടകം വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ എടുത്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ സാങ്കേതികമായ പ്രശ്നങ്ങളും പരിഹരിക്കാനാണ് പഴയ പേര് ഉപേക്ഷിച്ച് പുതിയ പാർട്ടിയായി മാറാമെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചത് എന്നും മാത്യു ടി തോമസ് എംഎൽഎ വ്യക്തമാക്കി.
ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചുകൊണ്ട് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനായി ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാർട്ടിയിലേക്ക് ജെഡിഎസ് കേരള ഘടകം ലയിക്കാനാണ് ആലോചനയുള്ളത്. ഇതിന്റെ നിയമപരമായ വശങ്ങളെ കുറിച്ച് കൂടുതൽ പരിശോധന നടത്തും. നിലവിലുള്ള ജനപ്രതിനിധികൾക്ക് അവരെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യാതൊരു തടസവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങുവാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത് എന്നും മാത്യു ടി തോമസ് അറിയിച്ചു.
Discussion about this post