ഇടുക്കി: നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായെന്നും വിമർശനമുണ്ട്.
യോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമേ സിപിഎം മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടമാകാൻ ധനകാര്യവകുപ്പ് കാരണമായി. ഇടത് മുന്നണിയിലേക്ക് കേരള കോൺഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ പലതിലും ഇടതുമുന്നണി പിറകിലായി. എന്നിട്ടും സിപിഎം കേരള കോൺഗ്രസിന് അനാവശ്യ പ്രാധാന്യം നൽകുകയാണ്. സിപിഐ മന്ത്രിമാരും രാജ്യസഭാ എം പിമാരും കോർപ്പറേഷൻ ചെയർമാന്മാരും ഭരണകാര്യത്തിൽ മുഖ്യമന്ത്രിയെ തിരുത്തുന്നില്ല.
സപ്ലൈകോ പ്രതിസന്ധിയും തിരിഞ്ഞെടുപ്പിൽ പ്രതികൂലമായി. ദേശീയ തലത്തിൽ ഇൻഡി സഖ്യത്തിന്റെ ഭാഗമായ സിപിഐ കേരളത്തിൽ എന്തിന് എൽഡിഎഫിൽ തുടരണമെന്നും നേതാക്കൾ ആരാഞ്ഞു. നേരത്തേ, സിപിഐ തിരുവനന്തപുരം- എറണാകുളം ജില്ലാ കൗൺസിലുകളിലും മുഖ്യമന്ത്രിക്കും സിപിഎമ്മിനിമെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.
Discussion about this post