ചെന്നൈ : തമിഴ്നാട്ടിലെ കള്ളകുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 13 പേർ മരിച്ചു. മദ്യം കഴിച്ച 20 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആദ്യം കള്ളകുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയിട്ടുണ്ട്.
കൂലിവേലക്കാരായ തൊഴിലാളികളാണ് ദുരന്തബാധിതരായവർ എല്ലാവരും തന്നെ. ചൊവ്വാഴ്ച രാത്രി ഇവർ ജോലി കഴിഞ്ഞ് എത്തിയശേഷം വ്യാജ മദ്യ വില്പനക്കാരിൽ നിന്നും മദ്യം വാങ്ങി കഴിക്കുകയായിരുന്നു. തുടർന്ന് വീടുകളിൽ എത്തിയ ശേഷം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തലവേദന, ഛർദ്ദി, തലകറക്കം, വയറുവേദന, കാഴ്ച നഷ്ടപ്പെടൽ എന്നീ പ്രശ്നങ്ങളായിരുന്നു വ്യാജമദ്യം കഴിച്ച എല്ലാവർക്കും ഉണ്ടായത്. മരിച്ചവരിൽ മൂന്നുപേർ വീട്ടിൽ വച്ച് തന്നെയാണ് മരിച്ചത്. എല്ലാവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തമാവുകയുള്ളൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തെ വ്യാജമദ്യ ദുരന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും എക്സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
Discussion about this post