ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഗ്രൂപ്പ് 2ലെ മത്സരത്തിൽ 18 റൺസിനാണ് പ്രോട്ടീസ് അമേരിക്കയെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അമേരിക്കക്കെതിരെ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറുകൾ പൂർത്തിയാക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 194 എന്ന മികച്ച ടോട്ടൽ പടുത്തിയർത്തി. മറുപടി ബാറ്റിംഗിൽ അമേരിക്കൻ പോരാട്ടം 6ന് 176ൽ അവസാനിച്ചു.
40 പന്തിൽ 74 റൺസെടുത്ത ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ നേടാനുള്ള അടിത്തറ പാകിയത്. ക്യാപ്ടൻ മാർക്രം 46 റൺസും ക്ലാസൻ 36 റൺസും നേടി. ഇന്ത്യൻ വംശജരായ സൗരഭ് നേത്രവൽക്കർ, ഹർമീത് സിംഗ് എന്നിവർ അമേരിക്കക്ക് വേണ്ടി നന്നായി പന്തെറിഞ്ഞു. നേത്രവൽക്കർ 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയും ഹർമീത് 24 റൺസ് വഴങ്ങിയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
അമേരിക്കക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം കാഴ്ചവെച്ച ഓപ്പണർ ആൻഡ്രീസ് ഗൗസ് 47 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്നു. 38 റൺസെടുത്ത ഹർമീത് സിംഗും 24 റൺസെടുത്ത ഓപ്പണർ സ്റ്റീവൻ ടെയ്ലറും ഗൗസിന് പിന്തുണ നൽകാൻ ശ്രമിച്ചുവെങ്കിലും, ദക്ഷിണാഫ്രിക്കൻ പരിചസമ്പത്തിനെ മറികടക്കാൻ അത് പര്യാപ്തമായിരുന്നില്ല. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയുടെ പ്രകടനം ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായകമായി. ക്യാപ്ടൻ ആരോൺ ജോൺസ് പൂജ്യത്തിന് പുറത്തായതും അമേരിക്കക്ക് തിരിച്ചടിയായി.
Discussion about this post