ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജ മദ്യം കഴിച്ച് 25 പേർ മരിച്ചു. 74 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചി ജില്ലയിൽ ആണ് സംഭവം.
മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നതായി ജില്ലാ കളക്ടർ എംഎസ് പ്രശാന്ത് അറിയിച്ചു. ചൊവ്വാഴ്ചയാണ് കള്ളകുറിച്ചി ജില്ലയിലെ കരുണാപുരത്ത് നിന്നുള്ളവര്‍ പാക്കറ്റുകളിലും സാച്ചുകളിലും വിറ്റ വ്യാജ മദ്യം കഴിച്ചത്. രാത്രിയോടെ ഇവരില്‍ പലർക്കും വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്‌നങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് ഇവരെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. കല്ലുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ആണ് ഇവര്‍ പ്രവേശിപ്പിച്ചത്. പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മദ്യവിൽപ്പന നടത്തിയിരുന്ന കണ്ണുക്കുട്ടി എന്നറിയപ്പെടുന്ന ഗോവിന്ദരാജ് എന്നയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പരിശോധനയിൽ സാമ്പിളുകളിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് സർക്കാരിൻ്റെ പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post