ഹൈദരാബാദ്: ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു. 100 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാത്രിയാണ് സംഭവം. മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോലാലമ്പൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനത്തിന്റെ വലതുവശത്തെ എൻജിനിൽ ആയിരുന്നു തീപിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഒരു തവണ വട്ടമിട്ട് പറന്നതിന് ശേഷം വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കിയെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മലേഷ്യൻ എയർലൈൻസും വിമാനത്താവളം അധികൃതരും വ്യക്തമാക്കി.
Discussion about this post