രാജ്യത്തിന്റെ സുരക്ഷാ.. അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറ്റ സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഒന്നാം മോദി സർക്കാരിനും രണ്ടാം മോദി സർക്കാരിനും ഈ ലക്ഷ്യം ഏറെക്കുറേ പൂർത്തിയാക്കാൻ സാധിച്ചു. ഇതേ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ.. കേന്ദ്ര പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ് വീണ്ടും ചുമതലയേൽക്കുമ്പോൾ വീണ്ടും കരുത്ത് വർദ്ധിപ്പിക്കുകയാണ് നമ്മുടെ പ്രതിരോധ മേഖല. ഇതിന്റെ ആദ്യ പടിയാണ് കരസേനയ്ക്കായി കൂടുതൽ പീരങ്കികൾ വാങ്ങാനുള്ള തീരുമാനം…
കരസേനയുടെ വജ്രായുധങ്ങളിൽ ഒന്നായി വിലയിരുത്തുന്ന സെൽഫ് പ്രൊപ്പെൽഡ് ആർട്ടിലറിയായ കെ 9 വജ്ര ടി ആണ് അധികമായി വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാതാക്കളായ ലാർസൻ ആൻഡ് ടൂബ്രോയുമായാണ് കരാറിൽ ഏർപ്പെടുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ഈ വർഷം ഓഗസ്റ്റോടെ പൂർത്തിയാകും. കരസേനയുടെ കരുത്തിനായി നൂറ് കെ. 9 വജ്ര ടി പീരങ്കികൾ ആണ് വാങ്ങുന്നത്. ഇവ രാജ്യാതിർത്തിയിലെ ഉയർന്ന മേഖലകളിൽ വിന്യസിക്കാനാണ് കരസേനയുടെ തീരുമാനം.
രാജസ്ഥാൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യം കരസേന വാങ്ങിയ പീരങ്കികൾ ഉപയോഗിച്ചിരുന്നത്. രാജസ്ഥാൻ അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ ഉയർന്ന മേഖലകളിൽ കെ.9 വജ്ര ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതോടെയാണ് കൂടുതൽ പീരങ്കികൾ വാങ്ങാനുള്ള തീരുമാനം. കരസേനയുടെ പ്രഹരശക്തി കൂടുതൽ വർദ്ധിപ്പിക്കുകയാണ് പീരങ്കികൾ വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത്..
ദക്ഷിണ കൊറിയയുടെ കെ.9 തണ്ടർ എന്ന പീരങ്കിയുടെ സമാന പതിപ്പാണ് കെ.9 വജ്ര. ദക്ഷിണ കൊറിയയുടെ സഹായത്തോടെയാണ് ഇന്ത്യ ഈ പീരങ്കികൾ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ പ്രതിരോധ ആയുധ നിർമ്മാണ കമ്പനിയായ ഹാൻവ എയറോസ്‌പേസ് ആണ് കെ.9 തണ്ടറിന്റെ നിർമ്മാതാക്കൾ.
സെൽഫ് പ്രൊപ്പെൽഡ് പീരങ്കികൾ ആയതിനാൽ തന്നെ ശത്രുവിനെ ലക്ഷ്യമിട്ട് ഒറ്റയ്ക്ക് നിറയൊഴിയ്ക്കാൻ ഇവയ്ക്ക് ആകും. ശത്രുക്കൾക്ക് നേരെ 155 എംഎം ഷെല്ലുകൾ പായ്പ്പിക്കാൻ ഈ പീരങ്കികൾക്ക് കഴിവുണ്ട്. 52 കാലിബർ ബാരലാണ് ഈ പീരങ്കികളുടെ മറ്റൊരു സവിശേഷത. വളരെ ഉയരത്തിലുള്ള ശത്രുവിനെയും ഞൊടിയിടയിൽ ചാമ്പലാക്കാൻ ഇവയ്ക്ക് കഴിയും. 38 കിലോ മീറ്ററാണ് ഈ പീരങ്കികളുടെ ദൂരപരിധി.
ചെറിയ ബാരലും വലിയ ഗണ്ണുമാണ് ഈ പീരങ്കികളുടെ സവിശേഷത. ദൂരെയുള്ള ശത്രുക്കൾക്ക് മേൽ ഷെല്ലുകൾ വർഷിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. മറ്റ് പീരങ്കി തോക്കുകളെ അപേക്ഷിച്ച് വേഗതിയിൽ ഷെല്ലുകൾ വർഷിക്കാൻ ഈ പീരങ്കികൾക്ക് കഴിയും. ഇതിലെ സെമി ഓട്ടോമാറ്റിക് ലോഡിംഗ് സംവിധാനം ആണ് ഈ കഴിവ് പീരങ്കികൾക്ക് നൽകുന്നത്. 30 സെക്കന്റിൽ മൂന്ന് റൗണ്ട് വെടിയുതിർക്കാൻ ഈ ടാങ്കുകൾക്ക് ശേഷിയുണ്ട്. മൂന്ന് മിനിറ്റിൽ 15 റൗണ്ടും, ഒരു മണിക്കൂറിൽ 60 റൗണ്ടും വെടിയുതിർക്കാൻ ഇവയ്ക്ക് കഴിയും.
12.7 എംഎം മെഷീൻ ഗണ്ണും, 500 റൗണ്ട് തിരയുമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ശത്രുക്കളുടെ ഷെല്ലുകളെ പ്രതിരോധിക്കാനായി കരുത്തുറ്റ കവചം പീരങ്കിയ്ക്കുണ്ട്. ഇതിന് പുറമേ മൈനുകളെ പ്രതിരോധിക്കാനും പീരങ്കികൾക്ക് കഴിയും.
അത്യാധുനിക ഡിജിറ്റൽ ഫയർ കൺട്രോൾ സംവിധാനം കെ.9 വജ്രയിൽ ഉണ്ട്. ശത്രുവിനെ കൃത്യമായി ലക്ഷ്യമിടാൻ ഗണ്ണറിനെ സഹായിക്കുന്ന ഗണ്ണേഴ്‌സ് പ്രൈമറി സൈറ്റ് എന്ന ടൂളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാത്രി കാലങ്ങളിലും ശത്രുക്കളെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്ന നൈറ്റ് വിഷനോട് കൂടിയാണ് ടാങ്കുകൾ നിർമ്മിച്ചിട്ടുളളത്. തെർമൽ വാർണിംഗ് ഡിവൈസ് ആണ് മറ്റൊരു സവിശേഷത. ഈ ഡിവൈസാണ് ഫയർ കൺട്രോൾ സംവിധാനത്തിന് വിവരങ്ങൾ കൈമാറുക.
പീരങ്കിയുടെ ഗണ്ണുകളെ വശങ്ങളിലേക്ക് 70 ഡിഗ്രിവരെ ചരിക്കാം. താഴേയ്ക്ക് 2.5 ഡിഗ്രിവരെ ചരിയ്ക്കാൻ കഴിയും എന്നതും ഇതിന്റെ സവിശേഷതയാണ്. 360 ഡിഗ്രിയിൽ പൂർണമായി കറങ്ങാനുള്ള കഴിവും ഗണ്ണുകൾക്കുണ്ട്. എട്ട് സിലിണ്ടറുകളോട് കൂടിയ വാട്ടർ കൂൾഡ് ഡീസൽ എൻജിനുകളാണ് പീരങ്കികളിൽ ഘടിപ്പിച്ചിരിക്കുന്നത്. ആയിരം കുതിരശക്തിയിലാണ് എൻജിൻ പ്രവർത്തിക്കുക. 0.75 മീറ്റർ ഉയരത്തിലേക്ക് കയറാൻ പീരങ്കികൾക്ക് സാധിക്കും. വെള്ളത്തിനടിയിലൂടെ നീങ്ങാനുള്ള കഴിവും പീരങ്കികളുടെ പ്രധാന സവിശേഷതയാണ്.
അഞ്ച് സൈനികരെ വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പീരങ്കികളുടെ നിർമ്മാണം.
കമാൻഡർ, ഡ്രൈവർ, ഗണ്ണർ, രണ്ട് ലോഡേഴ്‌സ് എന്നിങ്ങനെയാണ് പീരങ്കിയിലെ അംഗങ്ങൾ.
2018 ലായിരുന്നു ആദ്യമായി കെ.9 വജ്ര പീരങ്കികൾ കരസേന ഉപയോഗിച്ചത്. ഇതിന് ശേഷം 2019 ൽ 51 പീരങ്കികളും 2021 ൽ നൂറ് പീരങ്കികളും വാങ്ങിയിരുന്നു.
Discussion about this post