മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗീകമായി നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡും പോലീസും എത്തി പരിശോധന തുടരുകയാണ്.
കരിപ്പൂരിൽ നിന്നും ഷാർജയിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. രാവിലെയോടെയായിരുന്നു സംഭവം. യാത്രികർ വിമാനത്തിലേക്ക് കയറുന്നതിനിടെ ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളം അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിമാനത്തിൽ നിന്നും യാത്രികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
പരിശോധനയിൽ വിമാനത്തിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയിലേക്കുള്ള വിമാനം അഞ്ച് മണിക്കൂറോളം വൈകി.
Discussion about this post