റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. ഭൂമി ഇടപാടുകാരൻ കമലേഷ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കമലേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റർ ഗ്രീൻ അപ്പാർട്ട്മെൻ്റിൽ നിന്നും ഒരു കോടി രൂപയുടെ കള്ള പണവും നൂറോളം വെടിയുണ്ടകളും കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ നേരത്തെ അറസ്റ്റിലായ ശേഖർ കുശ്‌വാഹ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമലേഷ് കുമാറിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്.
കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിക്കൊണ്ട് 10 വർഷത്തിനിടെ വൻ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ഇഡി കമലേഷ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. മുൻ സർക്കാരിലെയും പോലീസിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നു കമലേഷ് പ്രവർത്തിച്ചുവന്നിരുന്നത് എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post