കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ഭീകര ജീവിയുടെ പര്യവേഷമാണ് കൊതുകുകൾക്ക് ഉള്ളത്. കാരണം രാത്രി കാലങ്ങളിൽ ഇവ മനുഷ്യർക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ ജീവന് ഭീഷണിയാകുന്ന രോഗങ്ങൾക്കുവരെ ഹേതുവാകുന്ന കൊതുകിനെ എവിടെ കണ്ടാലും നശിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. എന്നാൽ അമേരിക്കയിലെ ഹവായിൽ ലക്ഷക്കണക്കിന് കൊതുകുകളെ ഹെലികോപ്റ്ററുകളിൽ കൊണ്ടുവന്ന് ഇറക്കുകയാണ്.
ഹവായ് ദ്വീപിൽ മാത്രം കണ്ടുവരുന്ന ഹണിക്രീപ്പർ പക്ഷികളെ സംരക്ഷിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് അധികൃതർ കൊതുകുകളെ ഇത്തരത്തിൽ തുറന്നുവിടുന്നത്. 50 സ്പീഷീസുകളുണ്ടായിരുന്ന ഹണിക്രീപ്പർ പക്ഷികളിൽ ഇതിനോടകം തന്നെ 30 ഇനം സ്പീഷീസുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്നാണ് കണക്കുകൾ. ഇവയുടെ വംശം അറ്റുപോകാതിരിക്കാനുള്ള അവസാന പരിശ്രമം കൂടിയാണ് ഇത്.
1800 മുതലാണ് ഹണി ക്രീപ്പർ പക്ഷികൾ കൂട്ടത്തോടെ നശിക്കാൻ ആരംഭിച്ചത്. ഇക്കാലയളവിൽ ദ്വീപിൽ മലേറിയ പരത്തുന്ന കൊതുകുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചതായിരുന്നു കാരണം. ഹണിക്രീപ്പർ പക്ഷികൾക്ക് മലേറിയതയെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയില്ല. അതുകൊണ്ടുതന്നെ കൊതുകുകളുടെ കടിയേറ്റ പക്ഷികൾ വ്യാപകമായി ചത്ത് വീഴാൻ തുടങ്ങി. മലേറിയ പ്രതിരോധ സംവിധാനം ഇല്ലാത്തതിനാൽ കൊതുകിന്റെ ഒരു കടി തന്നെ ഇവയുടെ മരണത്തിന് ധാരാളം ആയിരുന്നു.
തണുപ്പുള്ള കാലാവസ്ഥയിൽ മലേറിയ പരത്തുന്ന കൊതുകുകൾക്ക് അതിജീവിക്കാൻ കഴിയില്ല. ഇതേ തുടർന്ന് ഹണി ക്രീപ്പറുകൾ മാവോയിലെ കാടുകളിൽ അഭയം തേടി. എന്നാൽ ആഗോളതാപനത്തെ തുടർന്ന് ചൂട് ഉയർന്നതോടെ ഇവിടെയും കൊതുകുകൾ എത്തി. ഇതോടെയാണ് കൊതുകുകളെ നേരിടാൻ കൊതുകുകളെ തന്നെ എത്തിക്കാൻ അധികൃതർ തീരുമാനിച്ചത്.
ജനനം തടയുന്ന വോൾബാച്ചിയ എന്ന ബാക്ടീരിയയെ വഹിക്കുന്ന ആൺ കൊതുകുകളെയാണ് എത്തിക്കുന്നത്. ഈ കൊതുകുകൾ പെൺകൊതുകുകളുമായി ഇണ ചേരുമെങ്കിലും പ്രജജനം നടക്കില്ല. ഇത് മലേറിയ വാഹകരായ കൊതുകുകൾ നശിക്കുന്നതിലേക്ക് നയിക്കും.
രണ്ടര ലക്ഷം കൊതുകുകളെയാണ് പക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്നത്. ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിലാണ് ഇതിനെ എത്തിക്കുന്നത്. ഇതുവരെ 10 മില്യൺ കൊതുകുകളെ ഇത്തരത്തിൽ ദ്വീപിൽ എത്തിച്ചിട്ടുണ്ട്. ഇൻകോംപാറ്റിബിൾ ഇൻസ്‌പെക്ട് ടെക്‌നിക്ക് എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
തിളങ്ങുന്ന നിറമാണ് ഹണിക്രീപ്പർ പക്ഷികൾക്ക് ഉള്ളത്. നിറം കൊണ്ടും കൊക്കുകളുടെ ആകൃതി കൊണ്ടും ആകർഷകമായ പക്ഷികളാണ് ഹണിക്രീപ്പറുകൾ. 2018 ൽ ഹണിക്രീപ്പർ വിഭാഗത്തിലെ അപൂർവ്വയിനം സ്പീഷിസിൽ 450 പക്ഷികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പക്ഷിമാത്രമാണ് ഉള്ളത്.
അമേരിക്കൻ നാഷണൽ പാർക്ക് സർവ്വീസുമായി സഹകരിച്ചാണ് ഹയായ് ഭരണകൂടം പദ്ധതി ആവിഷ്‌കരിക്കുന്നത്. ബേർഡ്‌സ് നോട്ട് മൊസ്‌ക്കിറ്റോ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇതിലൂടെ ഹണിക്രീപ്പർ പക്ഷികളുടെ സംരക്ഷണം സാദ്ധ്യമാകും എന്നാണ് ഇവരുടെ പ്രതീക്ഷ. വേനലാണ് കൊതുതുകളുടെ പ്രജനനകാലം. അതിനാൽ അപ്പോൾ ഇതന്റെ ഫലം അറിയാൻ കഴിയുകയുള്ളുവെന്ന് പദ്ധതിയിലെ അംഗങ്ങൾ വ്യക്തമാക്കി.
Discussion about this post