ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. ഉറിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ആയിരുന്നു ഭീകരരെ വധിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
നിയന്ത്രണ രേഖയിൽ പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ അതിർത്തി വേലി മറികടന്ന് ഭീകരർ ഇന്ത്യൻ മേഖലയിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഭീകരരെ വളഞ്ഞ് പിടികൂടാൻ സുരക്ഷാ സേന ശ്രമം നടത്തി. എന്നാൽക്ക് ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ അതിർത്തിയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേന കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ബരാമുള്ളയിൽ രണ്ട് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉറിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.












