ധാക്ക: വിഷപ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി ബംഗ്ലാദേശ്. പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ആന്റി വെനം കരുതി വയ്ക്കാൻ ആശുപത്രികൾക്ക് ബംഗ്ലാദേശ് ആരോഗ്യമന്ത്രി ഡോ.സമാന്താ ലാൽ നിർദ്ദേശിച്ചു. അണലികളുടെ കടിയേൽക്കുന്നവരെ ഉടനെ ആശുപത്രിയിൽ എത്തിക്കാനും നിർദ്ദേശമുണ്ട്.
വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെയാണ് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ചത്. നൂറ് കണക്കിന് പേരാണ് രാജ്യത്ത് പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ അണലിയുടെ കടിയേറ്റ് എത്തുന്നവരുടെ എണ്ണമാണ് കൂടുതൽ. സാധാരണയായി അണലികൾ മനുഷ്യവാസമുള്ള മേഖലകളിൽ ആണ് കാണപ്പെടാറുള്ളത്. എന്നാൽ കൃഷിയിടങ്ങളിലാണ് ഇവയെ വ്യാപകമായി കാണപ്പെടുന്നത് എന്നാണ് വിവരം.
2002 ൽ അണലി പാമ്പുകൾക്ക് വംശനാശം വന്നതായി കണക്കാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവയുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഓരോ വർഷവും രാജ്യത്ത് ഏഴായിരം പേരാണ് അണലിയുടെ കടിയേറ്റ് മരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി വരണ്ട പ്രദേശങ്ങളിൽ ആണ് അണലികളെ കണ്ടിരുന്നത്. എന്നാൽ അടുത്തിടെയായി ഇവ ഏത് കാലാവസ്ഥയിലും അതിജീവിക്കാനുള്ള കഴിവ് നേടിയിട്ടുണ്ട്. ഈ നില തുടർന്നാൽ അധികം വൈകാതെ തന്നെ ഇവയുടെ കടിയേറ്റ് വലിയൊരു ശതമാനം ആളുകൾ മരിക്കുമെന്നാണ് കരുതുന്നത്.
Discussion about this post