കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവകേരള സദസ്സ് തിരിച്ചടിയായെന്ന വിമർശനവുമായി കണ്ണൂരിലെ നേതാക്കൾ. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം . ശൈലി മാറ്റിയില്ലെങ്കിൽ പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കും. കണ്ണൂർ ജില്ലയിലെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് എടുത്ത് വിമർശിച്ചത്.
രണ്ടാം സർക്കാരിന്റെ ഭരണപരാജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണമായത് എന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ നേതാക്കൾ തുറന്നടിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂച്ചെട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടും നേരിട്ടതും തെറ്റായ പ്രവർത്തിയായി പോയി എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനെ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത് പാർട്ടിക്ക് അവഹേളനമാണ് ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇത് സംബന്ധിച്ച് വൻ ചർച്ചകളാണ് നടന്നത്. ഇത് എല്ലാം പാർട്ടിക്ക് തിരിച്ചടിയാവുകയാണ് ചെയ്യുന്നത് എന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.
നേരത്തെ സർക്കാരിനെ നയിച്ചിരുന്നത് പാർട്ടിയായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാരിനെയും സംസ്ഥാനത്തെയുംവ നയിക്കുന്നത് മുഖ്യമന്ത്രിയാണ്. ഈ നിലയിൽ പോയാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിക്ക് വൻ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത് എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post