മുംബൈ : മുംബൈയിൽ പരസ്യ ഹോർഡിംഗ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ പുതിയ വെളിപ്പെടുത്തൽ. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനായി പരസ്യ കമ്പനി അന്നത്തെ ജി ആർ പി കമ്മീഷണറുടെ ഭാര്യയുടെ കമ്പനിക്ക് 46 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ബിജെപി നേതാവ് കിരിത് സോമയ്യ ആണ് പരസ്യ കമ്പനിക്കും ഐപിഎസ് ഉദ്യോഗസ്ഥനും എതിരായി ആരോപണമുന്നയിച്ചിരിക്കുന്നത്.
പരസ്യ കമ്പനിയായ ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഭവേഷ് ഭിൻഡെ കൈക്കൂലി ആയി വൻ തുകയാണ് നൽകിയിട്ടുള്ളത് എന്ന് കിരിത് സോമയ്യ വ്യക്തമാക്കി. ഇങ്ങനെ കൈക്കൂലി നൽകിയശേഷം അനധികൃതമായി 2 ഡസനോളം അനധികൃത പരസ്യ ഹോർഡിംഗുകൾ ഈ കമ്പനി ഘാട്കോപ്പർ മേഖലയിലെ വിവിധ പ്രദേശങ്ങളിലായും മുംബൈയിലെ ദാദർ മേഖലയിലും സ്ഥാപിച്ചിട്ടുള്ളതായും ആരോപണമുയർന്നിട്ടുണ്ട്.
ബ്രിഹൻ മുംബൈ മുനിസിപ്പിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും ഏതാനും ഐപിഎസ് ഉദ്യോഗസ്ഥർക്കും റെയിൽവേ പോലീസ് കമ്മീഷണർ ക്വയ്സർ ഖാലിദ് എന്നിവർക്കുമായി ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു കോടിയോളം രൂപ കൈക്കൂലി നൽകി എന്നാണ് കിരിത് സോമയ്യ വെളിപ്പെടുത്തുന്നത്. ക്വയ്സർ ഖാലിദിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് കത്തെഴുതിയതായും കിരിത് സോമയ്യ അറിയിച്ചു. മെയ് 13ന് ആയിരുന്നു മുംബൈ ഘാട്കോപ്പറിൽ കൂറ്റൻ ഹോർഡിങ് തകർന്നുവീണ് 17 പേർ മരിക്കുകയും 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം ഉണ്ടായത്.
Discussion about this post