ബെയ്ജിംഗ്: ചൈനയിൽ ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റിന്റെ ഭാഗം ജനവാസമേഖലയിൽ പതിച്ചു.
ചൈനയും ഫ്രാൻസും സംയുക്തമായി വിക്ഷേപിച്ച ലോംഗ് മാർച്ച് 2 സിയുടെ ഭാഗമാണ് ജനവാസമേഖലയിൽ വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഷിചാംഗ് സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചത്. സ്‌പേസ് വേരിയബിൾ ഒബ്ജക്ട്‌സ് മോണിറ്റർ എന്ന സാറ്റ് ഉപഗ്രഹമായിരുന്നു മാർച്ച് 2 സി വഹിച്ചിരുന്നത്. എന്നാൽ വിക്ഷേപിച്ച് കുറച്ചു സമയത്തിനുള്ളിൽ റോക്കറ്റ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
ശബ്ദവും ആകാശത്തെ പുകയും കണ്ട് നോക്കിയപ്പോഴാണ് എന്തോ ഒരു ലോഹ വസ്തു തങ്ങളെ ലക്ഷ്യമിട്ട് വരുന്നത് ആളുകൾ കണ്ടത്. ഇതോടെ നിലവിളിച്ചുകൊണ്ട് വീടുകളിൽ ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി തുറസ്സായ സ്ഥലത്ത് അഭയം പ്രാപിക്കുകയായിരുന്നു. ഭാഗ്യവശാൽ ഒഴിഞ്ഞ സ്ഥലത്താണ് റോക്കറ്റിന്റെ ഭാഗം പതിച്ചത്.
സംഭവം കണ്ട് നിന്നവരിൽ ചിലരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തോട് അധികൃതർ ആരും തന്നെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതായി ഗവേഷകർ പറഞ്ഞു. ഉപഗ്രഹ ഭാഗം വേർപെട്ട ശേഷമാണ് റോക്കറ്റ് തകർന്നത്. അതിനാൽ ദൗത്യത്തിന് തടസ്സമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.
https://twitter.com/i/status/1804542638034661522
Discussion about this post