സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിനിയായ 13 കാരിയ്ക്കാണ് ഇത്തവണ ഈ അപൂർവ്വ രോഗം ബാധിച്ച് ജീവൻ നഷ്ടമായത്. കുളത്തിലും മറ്റ് ജലാശയങ്ങളിലും ജീവിക്കുന്ന ഏകകോശ ജീവിയായ അമീബ എങ്ങിനെയാണ് മനുഷ്യന്റെ ജീവൻ എടുക്കുന്നത്.
പതിനായിരത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന അപൂർവ്വ രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്. അമീബ നമ്മുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. നേഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയാണ് രോഗാവസ്ഥയ്ക്ക് കാരണം ആകുന്നത്.
മൂക്കിലൂടെയോ ചെവിയിലൂടെയോ ആണ് ഇവ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുക. തുടർന്ന് ഇവ തലച്ചോറിൽ എത്തി എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണം ആകും. രോഗം ബാധിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്യും.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകും. ശക്തമായ തലവേദന, ഓക്കാനം, ഛർദ്ദി, ശരീര വേദന എന്നിവയാണ് ലക്ഷണം. രോഗം ശക്തമായാൽ ബോധക്ഷയം ഉൾപ്പെടെ സംഭവിക്കാം. നട്ടെല്ലിൽ നിന്നുള്ള സ്രവം എടുത്തുള്ള പരിശോധനയിൽ ആണ് രോഗം കണ്ടെത്തുക.
രോഗം ബാധിച്ചാൽ രോഗമുക്തി നേടുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെ രോഗം വരാതെ നോക്കലാണ് വേണ്ടത്. കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കരുത്. നീർച്ചാലുകളിൽ കുളിക്കാതിരിക്കുക. മൂക്കിനുള്ളിലും ചെവിയിലും വെള്ളം കടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യണം.
Discussion about this post