ന്യൂഡൽഹി : നായികയും നായകനുമായി അഭിനയിച്ച ചിത്രം പരാജയപ്പെട്ടെങ്കിലും അതിലൊന്നും തളരാതെ സ്വന്തം വഴിവെട്ടി സഞ്ചരിച്ച രണ്ടുപേർ ഇന്ന് ഇന്ത്യൻ പാർലമെന്റിൽ സൗഹൃദം പങ്കുവെക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. ഭാരതീയ ജനതാ പാർട്ടി എംപിയായ കങ്കണ റണാവത്തും ലോക് ജനശക്തി പാർട്ടി എംപിയും ഭക്ഷ്യ-സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ആ താരങ്ങൾ. ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ഹിറ്റായ ഒരു കോമ്പോ കൂടി ആയിരിക്കുകയാണ് ചിരാഗും കങ്കണയും.
2011ലാണ് ചിരാഗ് പാസ്വാൻ ആദ്യമായ് അഭിനയിച്ച ‘മിലേ നാ മിലേ ഹം’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. കങ്കണ റണാവത്തായിരുന്നു ചിത്രത്തിലെ നായിക. പക്ഷേ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കങ്കണ തുടർന്നും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിരാഗ് തന്റെ പിതാവ് രാംവിലാസ് പാസ്വാന്റെ പാത പിന്തുടർന്ന് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു.
2014 ലാണ് ചിരാഗ് ആദ്യമായി പാർലമെന്റിലേക്ക് എത്തുന്നത്. പിന്നീട് 2019ൽ രണ്ടാം വട്ടവും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ മൂന്നാം തവണ ചിരാഗ് ഇന്ത്യൻ പാർലമെന്റിലേക്ക് എത്തുമ്പോൾ ഇത്തവണ അന്നത്തെ നായിക കങ്കണ റണാവത്തും ലോക്സഭയിൽ കൂടെയുണ്ടാകും. ചിരാഗ് ബീഹാറിലെ ഹാജിപൂരിൽ നിന്നും കങ്കണ ജന്മനാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നുമാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച രാവിലെ ഇരുവരും പാർലമെന്റിൽ വച്ച് കണ്ടുമുട്ടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
Discussion about this post