പട്ന: പേമാരിക്കൊപ്പം ശക്തമായ ഇടിമിന്നലും നാശം വിതച്ച ബിഹാറിൽ 8 പേർ മരിച്ചു. ഭഗല്പൂർ, മുംഗർ, ജമൂയി, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, അരേരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇടിമിന്നലിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കാലാവസ്ഥ മോശമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ബിഹാറിന് പുറമേ കിഴക്കൻ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നു.
Discussion about this post