മുംബൈ:കോളേജ് ക്യാമ്പസിനുള്ളിൽ ഹിജാബ് നിരോധിച്ചത് പുനഃപരിശോധിക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. കോളേജിന്റെ തീരുമാനത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ചന്ദൂർക്കർ, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജിൽ ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ഒൻപത് വിദ്യാർത്ഥിനികളാണ് കോടതിയെ സമീപിച്ചത്.
കാമ്പസിനുള്ളിൽ ഹിജാബ്, നിഖാബ്, ബുർഖ, സ്റ്റോൾ, തൊപ്പി എന്നിവ ധരിക്കുന്നത് വിലക്കിക്കൊണ്ട് കോളേജ് മാനേജ്‌മെന്റ് ഡ്രസ് കോഡ് അടിച്ചേൽപ്പിക്കുന്നുവെന്നും ഇത് മതപരമായ ജീവിതം നയിക്കാനും, സ്വകാര്യത സംരക്ഷിക്കാനും, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമുള്ള തങ്ങളുടെ മൗലിക അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹർജി.
അതേസമയം ഡ്രസ് കോ!ഡ് ഏർപ്പെടുത്തിയ നടപടി കോളേജിന്റെ അച്ചടക്കം സംബന്ധമായതാണെന്നും അത് മുസ്ലിം സമുദായത്തിന് എതിരല്ലെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എല്ലാ മതത്തിലും ജാതിയിലും പെട്ടവർക്ക് അത് ബാധകമാണെന്നായിരുന്നു കോളേജിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സമാനമായ കേസിൽ നേരത്തെ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ‘ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കേണ്ടത് മുസ്ലീം പെൺകുട്ടികൾക്ക് മതപരമായ നിർബന്ധമല്ലെന്ന്’ പ്രസ്താവിച്ചത് കോടതി പരാമർശിച്ചു.
Discussion about this post