ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു എൽ കെ അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിസ്ചാർജ് ചെയ്തതായും എയിംസ് അധികൃതർ അറിയിച്ചു.
96 വയസ്സുള്ള എൽകെ അദ്വാനിയെ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുകയും കൃത്യമായ പരിചരണം നൽകുകയും ചെയ്തു. കാർഡിയോളജി, യൂറോളജി, ജെറിയാട്രിക് മെഡിസിൻ എന്നിങ്ങനെ വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സംഘമാണ് അദ്വാനിയുടെ ആരോഗ്യസ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്.
കഴിഞ്ഞ ഏറെ നാളുകളായി പ്രായത്തിന്റെ അവശതകളെ തുടർന്ന് സ്വന്തം വസതിയിൽ വിശ്രമത്തിലാണ് എൽ കെ അദ്വാനി. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിനാൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലും ഭാരതരത്ന പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിലും അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേർന്ന് എൽകെ അദ്വാനിയുടെ വസതിയിൽ എത്തി ഭാരതരത്ന പുരസ്കാരം സമർപ്പിക്കുകയായിരുന്നു. നിലവിൽ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും നിരീക്ഷണങ്ങൾ തുടരുമെന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു.
Discussion about this post