ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീണു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നാം നമ്പർ ടെർമിനലിന്റെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് വീണത്. സംഭവ സമയം ധാരാളം യാത്രികർ അവിടെയുണ്ടായിരുന്നു. മേൽക്കൂര വീണതോടെ യാത്രികർ അതിനുള്ളിൽ അകപ്പെടുകയായിരുന്നു. ഉടനെ അധികൃതർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവർ എത്തിയാണ് മേൽക്കൂരയുടെ ഭാഗം എടുത്ത് മാറ്റി യാത്രികരെ രക്ഷിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. നാലോളം ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
സംഭവത്തെ തുടർന്ന് ടെർമിനൽ ഒന്നു വഴിയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം അദ്ദേഹം വിമാനത്താവളത്തിൽ എത്തി അപകട സ്ഥലം സന്ദർശിച്ചു.
Discussion about this post