തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിക്കുന്നത്.കഴിഞ്ഞ ദിവസം ചന്ദ്രിക ദിനപത്രത്തിൽ സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ പുത്തലത്തിന്റെ എഴുത്തെന്നാണ് കരുതുന്നത്.
ലീഗ് മതരാഷ്ട്രവാദികളുടെ മുദ്രവാക്യമാണ് ഇപ്പോൾ ഉയർത്തുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സാദിഖലി തങ്ങളുടെ സിപിഎം കമ്മ്യൂണിസ്റ്റ് വിമർശനത്തിനും ലേഖനത്തിൽ മറുപടിയുണ്ട്.കമ്മ്യുണിസ്റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലാണ് എത്തിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു
സിപിഎമ്മിന്റെ മതനിരപേക്ഷ നിലപാടുകൾ മുസ്ലിങ്ങളെ സിപിഎമ്മിനോട് അടുപ്പിച്ചെന്നും ഇതാണ് സമസ്തയും ലീഗും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമെന്നും ലേഖനത്തിൽ പറയുന്നു.ന്യൂനപക്ഷ പ്രീണന ആരോപണം സാമുദായിക സംഘടനകളും രാഷ്ട്രീയ വ്യക്തിത്വങ്ങളും തുടർച്ചയായി ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തിലാണ് ലീഗിനെതിരെ സിപിഎം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Discussion about this post