കണ്ണൂർ :സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ വരുന്നത് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താക്കുറിപ്പിലാണ് പാർട്ടിക്കെതിരെ രൂക്ഷമായി അദ്ദേഹം വിമർശിച്ചത്.
അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാനാണെന്ന് കുറ്റപ്പെടുത്തിയ ബിനോയ് വിശ്വം ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും ചൂണ്ടിക്കാട്ടി. ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അല്ലാതെ അധോലോകത്തിനോട് നീതി കാണിക്കുന്നവരാകരുത് എന്നും അദ്ദേഹം പറഞ്ഞു.
ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിചേർത്തു.
Discussion about this post