ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പൊരുതാവുന്ന ടോട്ടൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
പവർ പ്ലേയിൽ നിരുത്തരവാദപരമായ പ്രകടനങ്ങളിലൂടെ മുൻ നിര താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിഞ്ഞപ്പോൾ, നിർണായക ഘട്ടത്തിൽ ആങ്കറിംഗ് റോൾ ഏറ്റെടുത്ത വിരാട് കോഹ്ലി ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റി. ശിവം ദുബെയ്ക്ക് പകരം പരിചയ സമ്പത്തിന്റെ പിൻബലത്തിൽ സ്ഥാനക്കയറ്റം കിട്ടി നേരത്തേ ഇറങ്ങിയ അക്ഷർ പട്ടേൽ ആക്രമണം എതിർ ക്യാമ്പിലേക്ക് നയിച്ചപ്പോൾ, ഇന്ത്യ ശക്തമായ നിലയിലേക്ക് എത്തിച്ചേരുകയായിരുന്നു.
നേരത്തേ, 6 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപ്, 3 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. 9 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയെ സ്പിന്നർ കേശവ് മഹാരാജ് ക്ലാസന്റെ കൈകളിൽ എത്തിച്ചു. തൊട്ട് പിന്നാലെ വന്ന ഋഷഭ് പന്ത് ബാലിശമായി പുറത്തായി. സമ്മർദ്ദത്തിനടിപ്പെട്ട് സൂര്യകുമാർ യാദവും 3 റണ്ണുമായി മടങ്ങിയതോടെ, അപ്രതീക്ഷിതമായ തകർച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
എന്നാൽ അക്ഷർ വന്നതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറാൻ തുടങ്ങി. തുടരെ സിക്സറുകൾ കണ്ടെത്തിയ അക്ഷർ സമ്മർദ്ദമില്ലാതെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സഹായകമായി. 31 പന്തിൽ 47 റൺസ് നേടിയ അക്സർ, ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്താകുകയായിരുന്നു. ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ റൺ നിരക്ക് താഴാതെ നോക്കാൻ ഒരു പരിധി വരെ കോഹ്ലിക്ക് സാധിച്ചുവെന്ന് പറയാം. അർദ്ധ സെഞ്ച്വറിക്ക് ശേഷം തകർത്തടിക്കാൻ ശ്രമിച്ച കോഹ്ലി പത്തൊൻപതാം ഓവറിൽ 76 റണെടുത്ത് പുറത്തായി.
മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേട്ട ശിവം ദുബെ അവസരത്തിനൊത്ത് ഉയർന്നതും ഇന്ത്യക്ക് നേട്ടമായി. താരം 16 പന്തിൽ 27 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ 2 പന്തിൽ 5 റൺസ് നേടി.
ദക്ഷിണാഫിക്കക്ക് വേണ്ടി കേശവ് മഹാരാജും നോർട്ട്യേയും 2 വിക്കറ്റ് വീതം വീഴ്ത്തി. ജാൻസനും റബാഡക്കും നോർട്ട്യേക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Discussion about this post