ന്യൂയോർക്ക് : ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ ഭാഗമാകാൻ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ടാബ്‌ലോ. ക്ഷേത്രത്തിന്റെ പകർപ്പിന് 18 അടി നീളവും ഒൻപതടി വീതിയും എട്ടടി ഉയരവുമുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തൽ പറഞ്ഞു. ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്‌ലോ അമേരിക്കയിൽ പ്രദർശിപ്പിക്കുന്നത്. ആഗസ്റ്റ് 18 നാണ് പരേഡ് നടക്കുക.
1981 മുതൽ ന്യൂയോർക്കിൽ എല്ലാ വർഷവും ഇന്ത്യാ ദിന പരേഡ് നടക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. ന്യൂയോർക്കിലും പരിസരത്തുമുള്ള ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാരെ ആകർഷിക്കുന്ന ഒരു പരിപാടി കൂടിയാണ് ഇത്. ന്യൂയോർക്കിലെ മിഡ്ടൗണിലെ ഈസ്റ്റ് 38-ആം സ്ട്രീറ്റിൽ നിന്ന് ഈസ്റ്റ് 27-ആം സ്ട്രീറ്റ് വരെയാണ് വാർഷിക പരേഡ് സാധാരണയായി നടക്കുക. ഇതിൽ 150,000-ത്തിലധികം ആളുകൾ പങ്കെടുക്കും.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐഎ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരേഡിൽ, വിവിധ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന നിരവധി ഫ്‌ലോട്ടുകളും കാണാൻ സാധിക്കും. വിഎച്ച്പിഎ അടുത്തിടെ രാം മന്ദിർ രഥയാത്രയും സംഘടിപ്പിച്ചിരുന്നു. 60 ദിവസങ്ങളിലായി 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങൾ സന്ദർശിച്ചായിരുന്നു യാത്ര.
Discussion about this post