കൊൽക്കത്ത :പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ജൂലൈ 10ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്.
രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾ ഭയപ്പെടുന്നുവെന്ന് മമതാ ബാനാർജി പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ആനന്ദ ബോസ് മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. സമാന പരാമർശങ്ങൾ നടത്തിയതിന് തൃണമൂൽ നേതാക്കൾക്കെതിരെയും ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിലാണ് മമത പരാമർശം നടത്തിയത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ കാരണം രാജ്ഭവൻ സന്ദർശിക്കാൻ തങ്ങൾക്ക് ഭയമാണെന്ന് സ്ത്രീകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മമത പറഞ്ഞത്.
മമത ബാനാർജി എല്ലാ പരിധികളും ലംഘിച്ചുവെന്ന് ആനന്ദ ബോസ് പറഞ്ഞു. ഒരു മുഖ്യമന്ത്രിയെന്ന നിലയിലും എന്റെ സഹപ്രവർത്തകയായി അവർക്ക് എല്ലാ ബഹുമാനവും നൽകി.പ്രതിനിധികൾ തെറ്റായതും അപകീർത്തികരവുമായ മതിപ്പ് സൃഷ്ടിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post