അമരാവതി : തെലുങ്ക് താരം റാം ചരണും ഭാര്യ ഉപാസനയും ചേർന്ന് ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ദക്ഷിണേന്ത്യൻ സിനിമാരംഗത്തെ നർത്തകരുടെ സംഘടനയിലെ 500 അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി നൽകിയിരിക്കുകയാണ് റാം ചരൺ. പ്രശസ്ത കൊറിയോഗ്രാഫർ ആയ ജാനി മാസ്റ്റർ ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
റാം ചരണും ഉപാസനയും ചേർന്ന് തനിക്ക് ഏറ്റവും വിലപ്പെട്ട ഒരു ജന്മദിന സമ്മാനം നൽകി എന്നാണ് ജാനി മാസ്റ്റർ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. നർത്തകരുടെ സംഘടനയുമായി ബന്ധപ്പെട്ട് ഞാൻ ചെറിയൊരു സഹായം അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം എനിക്ക് അചഞ്ചലമായ പിന്തുണയാണ് വാഗ്ദാനം ചെയ്തത്. നടത്തകരുടെ സംഘടനയിലെ 500 ഓളം പേർക്ക് ആരോഗ്യ ഇൻഷുറൻസ് അദ്ദേഹം ഉറപ്പാക്കി. ഈ കാരുണ്യ പ്രവർത്തനങ്ങളുടെ ഹൃദയങ്ങളിൽ ആഴമായ നന്ദിയോടെ എക്കാലവും നിലനിൽക്കും എന്നും ജാനി മാസ്റ്റർ വ്യക്തമാക്കുന്നു.
‘യഥാസമയം സഹായം നൽകുന്നവൻ ദൈവമായി വാഴ്ത്തപ്പെടുന്നു’ എന്നാണ് ജാനി മാസ്റ്റർ റാം ചരണിന്റെ ഈ നല്ല മനസ്സിനെ വാഴ്ത്തിയത്. ഒരു താരം തന്റെ വാക്കുകളോട് ഇത്രയധികം പ്രതിബദ്ധത കാണിക്കുന്നത് വളരെ അപൂർവമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലൂടെ 500 കുടുംബങ്ങൾക്കാണ് കാരുണ്യം ലഭിച്ചിരിക്കുന്നത് എന്നും ജാനി മാസ്റ്റർ വ്യക്തമാക്കി. ജയിലർ എന്ന ചിത്രത്തിലെ കാവാല, പുഷ്പയിലെ ശ്രീവല്ലി, ബീസ്റ്റിലെ അറബിക് കുത്ത് എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ജാനി മാസ്റ്റർ.
Discussion about this post