ലണ്ടൻ; ബ്രിട്ടനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ഋഷി സുനക്. ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ഋഷി സുനക്കിൻ്റെ പ്രതികരണം. കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു. പിന്നാലെ നിയുക്ത പ്രധാനമന്ത്രി കെയർ സ്റ്റാർമാരെ അദ്ദേഹം ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു
ബ്രിട്ടീഷ് ജനത ‘സുഖകരമായ വിധി’ പുറപ്പെടുവിച്ചു. ഇതിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട് . പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു.അധികാരം സമാധാനപരമായും ചിട്ടയായും കൈ മാറും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ കഠിനപരിശ്രമം ആണ് നടത്തിയത്. തോല്‍വി സംഭവിച്ചതില്‍ ഖേദിക്കുന്നു. എന്ന് ഋഷി സുനക് പറഞ്ഞു.
ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നാണ് വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമരുടെ പ്രതികരണം. വരാനിരിക്കുന്ന ലേബർ ഗവൺമെന്റിന്റെ ഏറ്റവും വലിയ ചുമതല എന്നത് ‘നമ്മുടെ രാജ്യത്തെ ഒരുമിച്ച് നിർത്തുന്ന ആശയങ്ങൾ കൊണ്ടുവരണം എന്നതാണ് എന്ന് കെയർ സ്റ്റാർമർ പറഞ്ഞു. സെൻട്രൽ ലണ്ടനിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
14 വർഷം ഭരിച്ച കൺസർവേറ്റീവ് പാർട്ടിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. പ്രത്യേകിച്ചും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രക്ഷുബ്ധമായ പുറത്തുകടക്കലും , സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലുമാണ് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത്. കോവിഡ് -19 ൽ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെയും സർക്കാരിന്റെ തെറ്റായ മാനേജ്‌മെന്റിൽ വോട്ടർമാരും നിരാശരാണെന്നും കെയർ സ്റ്റാർമർ ചൂണ്ടിക്കാട്ടി.
അതേസമയം ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിൽ താരമായി മാറിയിരിക്കുന്നത്. ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയൻ ഗ്രീനിനെയാണ് സോജൻ ജോസഫ് പരാജയപ്പെടുത്തിയത്. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ ജോസഫ്.
Discussion about this post