പാട്ന : മൂന്നാം നരേന്ദ്രമോദി സർക്കാർ ഓഗസ്റ്റിൽ താഴെ വീഴുമെന്ന പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആർജെഡി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലാലുപ്രസാദ് യാദവ് പാർട്ടി പ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഒരു മധ്യകാല തിരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാ പാർട്ടി പ്രവർത്തകരും സജ്ജരായിരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർജെഡി നേതാവും ലാലുവിൻ്റെ മകനുമായ തേജസ്വി യാദവ് ചടങ്ങിൽ ജെഡിയുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ബീഹാറിലെ ഭരണകക്ഷിയായ ജെഡിയു കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയ്ക്ക് പിന്തുണ നൽകുന്നതിനെതിരെയാണ് തേജസ്വി യാദവ് വിമർശനം ഉന്നയിച്ചത്. ബീഹാറിൽഅധികാരത്തിൽ തുടരാൻ ബിജെപിയുമായി സഖ്യമുണ്ടാക്കി ജെഡിയു സ്വന്തം പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചു എന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
ബിജെപിക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യുകയോ മുട്ടുകുത്തുകയോ ചെയ്യാത്ത ഒരേയൊരു പാർട്ടി രാഷ്ട്രീയ ജനതാദൾ മാത്രമാണ് എന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. അധികാരത്തിലിരിക്കുന്നതല്ല ഏറ്റവും വലിയ കാര്യം. നമ്മുടെ പോരാട്ടം ദുർബ്ബലരായവർക്ക് വേണ്ടിയുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ട് വിഹിതം 9% വർദ്ധിച്ചത് ഞങ്ങളുടെ നിലപാടുകൾ ശരിയാണെന്നാണ് കാണിക്കുന്നത് എന്നും ആർജെഡി പരിപാടിയിൽ തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
Discussion about this post