യൂറോ കിരീടത്തിന്റെ സുവർണ ശോഭയിൽ ഇതിഹാസ തുല്യമായ അന്താരാഷ്ട്ര കരിയറിന് വിരാമമിടാമെന്ന ക്രിസ്റ്റിയാനോ
റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല. പറങ്കിപ്പടയുടെ വീരനായകൻ യൂറോയിൽ നിന്ന് കണ്ണീരോടെ മടങ്ങി. ഹാംബർഗിൽ അരങ്ങേറിയ യൂറോ കപ്പ് ക്വാർട്ടർ പോരിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ കീഴടക്കിയാണ് ഫ്രഞ്ച് പട സെമിയിലേക്ക് മാർച്ച് ചെയ്തത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾ അടിക്കാൻ മറന്നതോടെ വിധി നിർണ്ണയിക്കാൻ പെനാൽറ്റി ഷൂട്ട്ഔട്ട് വേണ്ടി വന്നു. 5-3നാണ് ഷൂട്ട്ഔട്ടിൽ ഫ്രാൻസ് പോർച്ചുഗലിനെ മറികടന്നത്. ഫ്രാൻസിനായി കിക്ക് എടുത്ത എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോൾ, പെനാൽറ്റി നഷ്ടപ്പെടുത്തിയ ജാവോ ഫെലിക്സ് പോർച്ചുഗലിന്റെ ദുരന്ത നായകനായി. പോർച്ചുഗലിനായി ആദ്യ പെനാൽറ്റി കിക്ക് എടുത്ത ക്രിസ്റ്റിയാനോ റൊണാൾഡോ അനായാസം എതിരാളികളുടെ വല കുലുക്കി.
മത്സരത്തിന്റെ തുടക്കം മുതൽ കരുതലോടെയാണ് പോർച്ചുഗലും ഫ്രാൻസും പന്ത് തട്ടിയത്. ഗോൾ സ്‌കോർ ചെയ്യുക എന്ന ഗെയിം പ്ലാനിനേക്കാൾ ഗോൾ വഴങ്ങാതിരിക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. ഇത് കാരണം മത്സരത്തിന്റെ ആദ്യ പകുതി വിരസമായി മാറി.
ഫസ്റ്റ് ഹാഫിൽ പന്ത് കൂടുതൽ വരുതിയിലാക്കി കളിച്ചത് പോർച്ചുഗലായിരുന്നു. എന്നാൽ, പറങ്കികൾക്ക് ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാനായില്ല.
രണ്ടാം പകുതി പുരോഗമിച്ചതോടെ കളി അൽപ്പം മാറി. 60 ആം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച സുവർണ്ണാവസരം ബ്രൂണോ ഫെർണാണ്ടസിന് ഗോളാക്കാനായില്ല. യുവ താരം വിറ്റീഞ്ഞയുടെ ഗോളിനായുള്ള നീക്കവും ലക്ഷ്യത്തിൽ എത്തിയില്ല.
ഫ്രാൻസിനായി കോലോ മുവാനിയും
കമവിംഗയും ഗോളിനടുത്ത് എത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് മത്സരത്തിൽ കാര്യമായ പ്രഭാവം ഉണ്ടാക്കാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിൽ ഗോൾ നേടാൻ പാകത്തിലുള്ള മുന്നേറ്റങ്ങൾ ഇരു ടീമിന്റെയും ഭാഗത്ത് നിന്ന് അധികം കണ്ടില്ല.
39കാരനായ പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ 120 മിനിറ്റും ടീമിനായി കളത്തിൽ ഉണ്ടായിരുന്നെങ്കിലും സ്‌കോർ ചെയ്യാൻ പരാജയപ്പെട്ടു. മുന്നേറ്റ നിരയിൽ റൊണാൾഡോ പലപ്പോഴും ഒറ്റപ്പെടുന്നതായി അനുഭവപ്പെട്ടു. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഭാഗ്യം ഫ്രാൻസിനൊപ്പം നിന്നപ്പോൾ പോർച്ചുഗൽ യൂറോ കപ്പ് സെമി കാണാതെ പുറത്തായി. സെമിയിൽ മികച്ച കളി കെട്ടഴിക്കുന്ന സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ..
Discussion about this post