പാലക്കാട്∙ താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബിജെപി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ കുറച്ചു കാലമായി കാണുന്ന ഒരു പ്രവണത, ഞാൻ ആരെയെങ്കിലും ഒന്നു കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് ഒരു വീടു വച്ചു തരുമെന്ന് പറഞ്ഞാൽ മതി, ചെയ്യേണ്ട. അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും. ഞങ്ങൾ ചെയ്തോളാമെന്നു പറയും. ഗുരുവായൂരിൽ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ. അവരെല്ലാം ഇനിയങ്ങോട്ട് വീടുകൾ കയറിയിറങ്ങട്ടെ. മെഡിക്കൽ കോളജിലെ കുട്ടികളുടെ അടുത്തു ചെന്നും വാഗ്ദാനം കൊടുക്കട്ടെ. അങ്ങനെ സംഭവിച്ചാലും സന്തോഷം. നമ്മൾ ഇതു നൽകി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
തൃശൂരിലെ ജനതയോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. തൃശൂർ എനിക്ക് ഇഷ്ടമാണ്. തൃശൂർ എനിക്ക് വേണം. പക്ഷെ പാലക്കാട് എനിക്ക് മാറ്റി പറയേണ്ടിവരും. നിങ്ങൾ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങൾ ഇങ്ങെടുക്കും. ഉരച്ചുനോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് നമ്മുടെ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലാണ് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകൾ. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും ഇപ്പോഴെ ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post