വീടിനകം പോലെ തന്നെ പരിസരവും പൂന്തോട്ടവുമെല്ലാം വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ വീട്ടമ്മമാർ ശ്രദ്ധിക്കാറുണ്ട്. ഇങ്ങിനെ വൃത്തിയാക്കിയ പരിസരവും പൂന്തോട്ടവുമെല്ലാം വീടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ വീട്ടമ്മമാർക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് പുല്ലുകൾ.
എത്ര വൃത്തിയാക്കിയാലും വളരെ വേഗത്തിൽ തന്നെ പരിസരങ്ങളിൽ പുല്ല് മുളയ്ക്കാറുണ്ട്. മഴക്കാലം ആണെങ്കിൽ പറയാതിരിക്കുകയാകും ഭേദം. കാടുപോലെയായിരിക്കും വീടിന് ചുറ്റും പുല്ലും പാഴ്‌ചെടികളും മുളയ്ക്കുക. ഇവയെല്ലാം പറിയ്ക്കുക എന്നത് വളരെ അധ്വാനം വേണ്ട പണിയാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇതിന് മിനക്കെടാറില്ല. ഇത്തരത്തിലുള്ള പുൽക്കൂട്ടത്തിനുള്ളിൽ പാമ്പുകളും മറ്റും പതിയിരിക്കാറുണ്ട്. ഇത് ഭയന്ന് ആളെ കൊണ്ടുവന്ന് പുല്ല് നീക്കം ചെയ്യുന്നവരും ഉണ്ട്. എന്നാൽ അടിയ്ക്കടി ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയൊരു സംഖ്യയാണ് നമുക്ക് ചിലവഴിക്കേണ്ടിവരിക.
വീടിന്റെ പരിസരങ്ങളിലുള്ള പുല്ലും പാഴ്‌ച്ചെടികളും നമുക്ക് തന്നെ വളരെ എളുപ്പത്തിൽ കരിയിച്ച് കളയാം. ഇതിനായി വെറും മൂന്ന് ചേരുവകളുടെ ആവശ്യം മാത്രമേയുള്ളു. ഇതിന് വരുന്ന ചിലവാകട്ടെ 10 രൂപയിൽ താഴെയും.സോപ്പ് പൊടി, വിനാഗിരി, കല്ലുപ്പ് എന്നീ മൂന്ന് ചേരുവകൾ കൊണ്ടുളള മിശ്രിതമാണ് പുല്ലുകരിക്കാനായി ഉപയോഗിക്കുന്നത്.
10 രൂപയുടെ പാക്കറ്റ് സോപ്പ് പൊടി എടുക്കുക. ഇതിലേക്ക് കല്ലുപ്പോ പൊടിയുപ്പോ ചേർക്കാം. ഇതിന് ശേഷം അൽപ്പം വിനാഗിരി ഒഴിക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇളക്കാം. പുല്ല് കരിക്കുന്നതിനുള്ള മിശ്രിതം തയ്യാർ. ഇത് ആവശ്യമുള്ള സ്ഥലങ്ങളിൽ തളിച്ച് കൊടുക്കാം. ദിവസങ്ങൾക്കുള്ളിൽ പുല്ലുകൾ കരിഞ്ഞ് തുടങ്ങും. ഇനി വിനാഗിരി ഇല്ലെങ്കിൽ സോപ്പു പൊടിയും ഉപ്പും മാത്രം ചേർത്തും മിശ്രിതം ഉണ്ടാക്കാം.
Discussion about this post