ന്യൂഡൽഹി: 123 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടാകാം എന്ന സൂചന നൽകി ഉത്തർ പ്രദേശ് പോലീസ്. ദുരന്തത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കപ്പെടുന്ന ദേവപ്രകാശ് മധുകറിനെ ഡൽഹിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.
മധുകറുമായി ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ അടുത്തയിടെ ബന്ധപ്പെട്ടിരുന്നു. ദുരന്തത്തിന് കാരണമായ ചടങ്ങിലേക്ക് ഇവർ വലിയ തുകകൾ സംഭാവന നൽകിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
മധുകറിന് പുറമേ ദുരന്തവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന രാംപ്രകാശ് ശാക്യ, സഞ്ജു യാദവ് എന്നിവരെ ഹത്രാസിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
മധുകറുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇയാളുടെ സ്ഥാവര ജംഗമ വസ്തുക്കൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ കൂടുതൽ ഏജൻസികളുടെ സഹായം ആവശ്യമായി വരികയാണെങ്കിൽ അതും ഉറപ്പാക്കുമെന്നും ഉത്തർ പ്രദേശ് പോലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ വ്യക്തമാക്കി.
Discussion about this post