ലോകത്തിൽ പലതരത്തിൽ അഡിക്ഷനുള്ള മനുഷ്യരുണ്ട്. ചിലർക്ക് ലഹരിയോട്, ചിലർക്ക് വാഹനങ്ങളോട്,ബുക്കുകളോട്, ഭക്ഷണത്തോട് അങ്ങനെ ആസക്തികൾ പലതാണ്.ഒന്റാറിയോയിലെ വെലാൻഡിൽ നിന്നുള്ള ഷാനൻ എന്ന യുവതിയുടെ കാര്യം അൽപ്പം വെറൈറ്റിയാണ്. പെട്രോളിനോട് ആണ് യുവതിയ്ക്ക് അഡിക്ഷൻ. പെട്രോളും ഡീസലും എല്ലാം മണത്തുനോക്കാൻ ഇഷ്ടമുള്ളവർ ഉണ്ടാവും. എന്നാൽ ഇത് അതുക്കും മേലെയാണ്. എല്ലാ ദിവസവും രാവിലെ ഉണർന്നാൽ ബാത്ത്‌റൂമിൽ ഒരു കന്നാസിലാക്കി വച്ചിരിക്കുന്ന പെട്രോൾ കുടിക്കുക എന്നതാണ് യുവതിയുടെ ശീലം.ഛർദ്ദി, കഠിനമായ വയറുവേദന എന്നിവയ്‌ക്കെല്ലാം പുറമേ പെട്രോൾ കുടിക്കുന്നത് നമ്മുടെ ആന്തരികാവയവങ്ങളെ പോലും നശിപ്പിക്കും. എന്നാൽ ഇതൊക്കെ അറിഞ്ഞിട്ടും ഷാനൻ പറയുന്നത് തനിക്ക് ഈ ശീലം നിർത്താനാവുന്നില്ല എന്നാണ്.
എനിക്കറിയാം, ഞാൻ ചെയ്യുന്നത് സുരക്ഷിതമായ കാര്യമല്ല എന്ന്. ഇത് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ് എന്ന്. എന്നാൽ, എനിക്കിത് നിർത്താനാവുന്നില്ല. ഒരു സോസ് എന്ന പോലെയാണ് പെട്രോൾ എനിക്ക് തോന്നുന്നത്’ തന്റെ തൊണ്ടയുടെ അകം പൊള്ളുന്നതുപോലെ തോന്നാറുണ്ട് എന്നും അവൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഒരുദിവസം പോലും തനിക്ക് പെട്രോൾ കുടിക്കാതെ കഴിയാനാവില്ല. താൻ പുറത്തെവിടെയെങ്കിലും പോവുകയാണെങ്കിൽ ഒരു ചെറിയ വാട്ടർബോട്ടിലിൽ കുടിക്കാനായി പെട്രോൾ കരുതുമെന്നും അവൾ പറയുന്നു.
താൻ ഒരു വർഷമായി ഈ ആസക്തിയുടെ പിടിയിലാണെന്നും ഒരു ദിവസം 12 ടീസ്പൂൺ വരെ പെട്രോൾ കുടിച്ചിട്ടുണ്ടെന്നുമാണ് അവൾ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് പെട്രോളിന്റെ മണം ഇഷ്ടമായിരുന്നു അങ്ങനെയാണ് കുടിച്ചുനോക്കുന്നത് എന്നും അവൾ പറഞ്ഞു. TLC യുടെ മൈ സ്‌ട്രേഞ്ച് അഡിക്ഷൻ എന്ന പരിപാടിയിലൂടെയാണ് യുവതിയുടെ കഥ പുറംലോകം അറിഞ്ഞത്. ഇപ്പോഴിതാ യുവതിയെ കുറിച്ച് വീണ്ടും ചർച്ച ചെയ്യുകയാണ് സോഷ്യൽമീഡിയ. യുവതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. രോഗിണിയായി ഇപ്പോഴും ജീവിക്കുന്നു എന്നാണ് യുവതിയുടെ നാട്ടുകാരിലൊരാൾ പറഞ്ഞത്. എന്നാലിത് സത്യമാണോ എന്ന് ഉറപ്പിക്കാൻ സാക്ഷാൽ ഷാനൻ തന്നെ രംഗത്തെത്തേണ്ടി വരും.
Discussion about this post