ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അക്രമ ഹിന്ദുക്കൾ എന്ന പരാമർശത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി മുൻ വക്താവ് നൂപുർ ശർമ. സനാതന ധർമത്തെ മുറുകെ പിടിക്കുന്നവരെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്നും അവർ കുറ്റപ്പെടുത്തി. ഗാസിയാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നൂപുർ ശർമ.
ഹിന്ദുക്കൾ അക്രമാസക്തരാണെന്നും സനാധന ധർമം മുറുെക പിടിക്കുന്നവരെ തുടച്ചുനീക്കണമെന്നും ഉയർന്ന സ്ഥാനങ്ങളിൽ ഉരിക്കുന്നവർ പറയുമ്പോൾ, ഇതിന് പിന്നിലെ ഗൂഡാലോചന ആളുകൾ മനസിലാക്കണം. സനാധന ധർമം ഉയർത്തിപ്പിടിക്കുന്നവരെ ഇല്ലാതാക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് കണ്ടുവരുന്നത്. ഇത്തരക്കാർ പറയുന്നതുപോലെ ഹിന്ദുക്കൾ അക്രമികളാണെങ്കിൽ എന്തുകൊണ്ടാണ് സ്വന്തം രാജ്യത്ത് പോലും ഒരു ഹിന്ദു പെൺകുട്ടിക്ക് ഇത്രയും കനത്ത സുരക്ഷയുടെ കീഴിൽ ജീവിക്കേണ്ടി വരുന്നതെന്നും തനിക്ക് നേരെ നിരന്തരം വരുന്ന വധ ഭീഷണികളെ ചൂണ്ടിക്കാട്ടി നൂപുർ ശർമ ചോദിച്ചു.
നമ്മുടെ മഹാന്മാർ അഹിംസയെക്കുറിച്ചും ഭയത്തെ അവസാനിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. എന്നാൽ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ എന്നയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. രാഹുലിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. ഹിന്ദു സമൂഹത്തെയാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമർശമെന്ന് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post