അമരാവതി: ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപം നിലവിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് കുഴിയെടുക്കുമ്പോഴായിരുന്നു ശിവലിംഗം കണ്ടത്. ഉടനെ പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
14 ാം നൂറ്റാണ്ടിലേതാണ് ശിവലിംഗം എന്നാണ് വിവരം. വിശദമായ പരിശോധനയ്ക്കായി ശിവലിംഗം പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തെലുങ്കിലാണ് ലിഖിതം ഉള്ളത്. ഇത് വായിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൈസൂരിൽ നിന്നുള്ള സംഘമാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്.
സിദ്ധദേവനായ കംപിലായ്യ സ്ഥാപിച്ച ശിവലിംഗം ആണ് ഇതെന്നാണ് സൂചന. അന്നത്തെ കാലഘട്ടത്തെ സാംസ്‌കാരിക ജീവിതം വ്യക്തമാക്കുന്ന വിവരങ്ങൾ ശിലാലിഖിതത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇവിടെ നിന്നും ചതുർമുഖ ലിംഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവലിംഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രദേശത്ത് വിശദമായ പരിശോധന നടത്താനാണ് പുരാവസ്തുവകുപ്പിന്റെ തീരുമാനം.
Discussion about this post