തിരുവനന്തപുരം: പ്രഭാസ് നായകനായി എത്തിയ ബോക്‌സ് ഓഫീസ് ചിത്രം കൽക്കിയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുച്ച് നടി അന്ന ബെൻ. കൽക്കി തന്റെ അഭിനയ ജീവിതത്തിലെ പരീക്ഷണമായിരുന്നു. ഇപ്പോൾ സന്തോഷവും നന്ദിയും കൊണ്ട് വീർപ്പു മുട്ടുകയാണ് എന്നും അന്ന ബെൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രീകരണത്തിനിടെ ഉണ്ടായ പരിക്കുകളുടെ ഉൾപ്പെടെ ചിത്രങ്ങളും അന്ന പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ കൈറ എന്ന കഥാപാത്രത്തെ ആയിരുന്നു അന്ന ബെൻ അവതരിപ്പിച്ചത്.
രണ്ട് വർഷം മുൻപായിരുന്നു കൽക്കിയിൽ അഭിനയിക്കുന്നതിനുള്ള അവസരം തന്നെ തേടിയെത്തിയത്. അന്ന് അറിയില്ലായിരുന്നു ഈ കഥാപാത്രം അഭിനയ ജീവിതത്തിലെ നാഴിക കല്ലായി മാറും എന്ന്. വലിയ ആവേശത്തിൽ ആയിരുന്നു ഈ സിനിമയക്കായി സമ്മതിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ സിനിമയുടെ ഭാഗമാക്കിയതിന് സംവിധായകൻ നാഗ അശ്വിനോട് നന്ദി പറയുന്നു. സിനിമയുടെ ചിത്രീകരണം നടന്ന രണ്ട് വർഷം അദ്ദേഹം വളരെ ശാന്ത സ്വഭാവത്തിൽ ആയിരുന്നു. എങ്ങിനെയാണ് ഇങ്ങനെ റിലാക്‌സ് ആയി ഇരിക്കാൻ കഴിയുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചത് ഓർക്കുന്നു.
ചിത്രീകരണ വേളയിൽ ഒരിക്കൽ പോലും അദ്ദേഹം ആരോടും ശബ്ദമുയർത്തിയതായി അറിയില്ല. ഏവർക്കും പ്രചോദനം നൽകുന്നത് ആണ് അദ്ദേഹത്തിന്റെ ഈ രീതി. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. കൈറ എന്ന കഥാപാത്രം അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ നിരവധി നടികൾ ഉണ്ടായിരുന്നു. എന്നിട്ടും തന്നെ തന്നെ തിരഞ്ഞെടുത്തു. അതിൽ നന്ദി പറയുന്നു. കൽക്കിയിലെ ഓരോ താരങ്ങളുടെയും ആരാധികയാണ് ഞാൻ . അവർക്കൊപ്പം അഭിനയിച്ചതിലൂടെ താൻ അനുഗ്രഹീതയായിരിക്കുന്നു.
കൈറയെ നിങ്ങൾ ഇരു കൈകളും നീട്ടീ സ്വീകരിച്ചു. അതിൽ നന്ദിയുണ്ട്. ഇനിയും നിങ്ങളുടെ നന്ദിവാക്കിന് അർഹയാകാൻ കഠിനമായി പ്രയത്‌നിക്കും. സന്തോഷവും നന്ദിയും തന്നെ വീർപ്പുമുട്ടിയ്ക്കുന്നുവെന്നും അന്ന ബെൻ കൂട്ടിച്ചേർത്തു.
Discussion about this post