തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കേരളീയം പരിപാടി വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം ഡിസംബറിൽ പരിപാടി നടത്താനാണ് ആലോചന. കഴിഞ്ഞ വർഷം പരിപാടിയ്ക്കായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്. എന്നാൽ ഇതിന്റെ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതിൽ ആക്ഷേപം തുടരുന്നതിനിടെയാണ് വീണ്ടും പരിപാടി നടത്താൻ ഒരുങ്ങുന്നത്.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിട്ടുണ്ട്. പരിപാടിയ്ക്കായുള്ള പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ ആണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിന്റെ വികസന നേട്ടങ്ങളും മാതൃകയും ആഗോള തലത്തിൽ പ്രദർശിപ്പിക്കു ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ സംഘടിപ്പിച്ച പരിപാടി ആയിരുന്നു കേരളീയം. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു സർക്കാർ ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. വൻതുക ചിലവഴിച്ച് നടത്തിയ പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കേരളീയത്തിലെ എല്ലാ പരിപാടിയും സ്‌പോൺസർഷിപ്പിലൂടെയാണ് നടത്തിയതെന്ന് പറയുന്ന സർക്കാർ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ട്.
കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം 1.55 കോടി രൂപയാണ് സർക്കാർ ചിലവിട്ടത്. ശോഭനയുടെ നൃത്തം, മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്‌പെഷ്യൽ ഷോ, തുടങ്ങി എട്ട് പരിപാടികൾക്ക് ചിലവിട്ട തുകയാണ് ഇത്. ഇക്കുറി പരിപാടി നടത്തുമ്പോൾ ഇതിനേക്കാൾ കൂടുതൽ തുകയാണ് ചിലവാകുക. നിലവിൽ പണമില്ലാത്തതിനാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളമോ സാധരണക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളോ ഇല്ല. ഇതിനിടെ നടത്തുന്ന പരിപാടി സർക്കാരിന്റെ ധൂർത്താണ് തുറന്നുകാട്ടുന്നത്.
Discussion about this post