തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് സഞ്ചരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. സംഭവത്തിൽ ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്തു. മലപ്പുറം സ്വദേശി സുലൈമാൻ ആണ് ജീപ്പിന്റെ ഉടമ.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രാഥമിക അന്വേഷണത്തിന് എംവിഡി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗതാഗത നിയമ ലംഘനം നടന്നതായി വ്യക്തമായി. ഇതോടെയായിരുന്നു ആർസി ബുക്ക് റദ്ദാക്കാൻ ഉത്തരവിട്ടത്. നേരത്തെയും നിരവധി തവണ ഗതാഗത നിയമ ലംഘനം നടത്തിയതിന് ഈ വണ്ടി എംവിഡി പിടികൂടിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ആകാശ് തില്ലങ്കേരിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. റീൽ രൂപത്തിൽ തയ്യാറാക്കിയ വീഡിയോ ആകാശ് തില്ലങ്കേരി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ മാദ്ധ്യമങ്ങളിൽ വാർത്തയായി. ഇതേ തുടർന്നായിരുന്നു എംവിഡി നടപടി ആരംഭിച്ചത്.
വയനാട്ടിലെ പനമരം നഗരത്തിൽ ആയിരുന്നു വീഡിയോ ചിത്രീകരിച്ചത്. ചുവന്ന നിറത്തിലുള്ള ജീപ്പിൽ ആകാശിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാതെയായിരുന്നു ജീപ്പിലെ ആകാശിന്റെ സവാരി.
Discussion about this post