വിയന്ന : ചരിത്രപരമായ സന്ദർശനത്തിനായി ഓസ്ട്രിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തിയതിൽ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ സന്തോഷം പ്രകടിപ്പിച്ചു.
രണ്ടുദിവസത്തെ റഷ്യൻ പര്യടനത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ഓസ്ട്രിയൻ സന്ദർശനം. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ധാരണയായി. ഓസ്ട്രിയൻ വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും മോദി വ്യക്തമാക്കി.
“ജനാധിപത്യവും നിയമവാഴ്ചയും പോലെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി തത്വങ്ങളുണ്ട്. നമ്മൾ പങ്കുവയ്ക്കുന്ന മൂല്യങ്ങളോടൊപ്പം ഇന്ത്യ-ഓസ്ട്രിയ സൗഹൃദം വിവിധ മേഖലകളിൽ കൂടുതൽ ഊട്ടിയുറപ്പിക്കാൻചാൻസലർ കാൾ നെഹാമറും ഞാനും തീരുമാനിച്ചു” എന്നാണ് ഓസ്ട്രിയൻ ചാൻസലറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചത്.
Discussion about this post