ബംഗളൂരു: പുഴകളിലും കുളങ്ങളിലും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് നമ്മുടെ നാട്ടിൽ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ മീൻ പിടിയ്ക്കുന്നതിന് ആരും ആരെയും വിലക്കാറില്ല. എന്നാൽ കർണാടകയിലെ ഒരു നദിയിൽ ആളുകൾക്ക് മീൻ പിടിയ്ക്കുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ച് മീൻ പിടിച്ചവർക്ക് ആകട്ടെ പാമ്പുകളായിരിക്കും ലഭിക്കുക. അതേസമയം വർഷത്തിൽ ഒരിക്കൽ മാത്രം ഇവിടെ നിന്നും മീൻ പിടിക്കാനുള്ള അനുമതിയും ഉണ്ട്.
ഖണ്ഡിഗെ എന്നറിയപ്പെടുന്ന ഗ്രാമത്തിലൂടെ ഒഴുകുന്ന നന്ദിനി നദിയിലാണ് ഈ അപൂർവ്വ പ്രതിഭാസം നടക്കുന്നത്. ധർമ്മരസു ഉല്ലയ എന്ന ദേവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് മുൻപിലൂടെയാണ് നന്ദിനി നദി ഒഴുകുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ വൃഷഭ സംക്രമണ മഹോത്സവത്തിന് മാത്രമേ ഈ നദിയിൽ നിന്നും മീൻ പിടിക്കാൻ അനുവദിക്കുകയുള്ളൂ. വിശ്വാസം ലംഘിച്ച മറ്റ് ദിവസങ്ങളിൽ മത്സ്യബന്ധനം നടത്തിയാൽ പാമ്പുകൾ ആയിരിക്കും വലയിൽ കുടുങ്ങുക. ഇത്തരത്തിൽ പാമ്പുകളെ ലഭിച്ചാൽ അത് ദുസ്സൂചനയാണ്. വർഷം മുഴുവൻ കഷ്ടകാലം പിന്തുടരുമെന്നാണ് വിശ്വാസം.
ജാത്രാ മഹോത്സവം എന്നാണ് ക്ഷേത്രത്തിലെ നദിയിൽ നിന്നും മീൻ പിടിയ്ക്കുന്ന ചടങ്ങ് അറിയപ്പെടുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള നിവേദ്യ സമർപ്പണത്തിന് പിന്നാലെ വെടിക്കെട്ട് ഉണ്ടാകും. ഇത് കഴിഞ്ഞുള്ള മണിക്കൂറുകളിലാണ് ഭക്തർക്ക് നദിയിലേക്ക് ഇറങ്ങാൻ അനുവാദം ഉള്ളത്. മത്സ്യത്തൊഴിലാളികളും ഇക്കൂട്ടത്തിൽ ഉണ്ടാകും.
ഇവർ പിടിച്ച മീനുകൾ സ്വന്തം ആവശ്യത്തിന് എടുത്ത ശേഷം ജനങ്ങൾക്ക് വിൽക്കും. നാട്ടിലെ എല്ലാവരും തന്നെ അന്നേ ദിവസം മീൻ വാങ്ങി പാകം ചെയ്ത് കഴിക്കും. അന്ന് മീനിന് പ്രത്യേക രുചിയായിരിക്കും ഉണ്ടാകുക എന്നാണ് വിശ്വസം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മീൻ വിഭവങ്ങൾകൊണ്ടുള്ള സമൃദ്ധമായ സദ്യ തന്നെ ഗ്രാമവാസികൾ ഒരുക്കാറുണ്ട്.
Discussion about this post